Posts

Showing posts from March, 2014

ഒരു നല്ല നായ എങ്ങനെയായിരിക്കണം - 5

ഒരു നല്ല നായ എപ്പോഴും അവന്റെ കുരയുടെ തനിമ നിലനിർത്തണം...... മറ്റാരുടെയെങ്കിലും കുര, (തെക്കൻ മലയാളികൾ ചുമ എന്നും പറയും), കോപ്പിയടിക്കരുതെന്നർത്ഥം. അതായത് ചില മനുഷ്യർ ചെയ്യുന്നത് പോലെ അവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അവരവരുടെ ഫേസ് ബുക്ക് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്തത്, ഷേർ ചെയ്ത്, (പോരാത്തതിന് സ്വന്തം കമന്റുമിട്ട്), ആളാകാൻ ശ്രമിക്കരുത് എന്ന്. തനിമ ഇല്ലാത്ത കുരയാണെങ്കിലോ, സ്വന്തമായ് കുരക്കാനറിയില്ലെങ്കിലോ, കുരയ്ക്കേണ്ട എന്ന് വെക്കണം. വെറുതേ കുരച്ച് കൊണ്ടിരിക്കുക എന്നത് ഒരു നല്ല നായയുടെ ശീലമല്ല. ആവശ്യത്തിന് മാത്രം കുരക്കുക; അല്ലാത്തപ്പോൾ സ്വസ്ഥമായിരിക്കുക; ചിലപ്പോൾ ബുദ്ധിജീവി നായ എന്ന പേര് വീണേക്കാം; അതിനെക്കുറിച്ചാശങ്കപ്പെടേണ്ട, അതത്ര മോശം പേരൊന്നുമല്ല. ഏത് പേരിൽ വിളിക്കപ്പെട്ടാലും ഒരു നായയുടെ മൂല്യം മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനുതകുന്നതാകണം നമ്മുടെ പെരുമാറ്റം. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത കുറവാണെന്നതും വിദേശത്ത് ജീവിക്കേണ്ടി വന്നു എന്നതും ഒരിക്കലും ഒരു പോരായ്മയല്ല; പക്ഷേ സാദാ പട്ടി, പോമറേനിയനാകാൻ ശ്രമിക്കരുത്...

ഒരു നല്ല നായ എങ്ങനെയായിരിക്കണം - 4

ആധുനിക കാലത്തെ നല്ല നായകൾ അരിഭക്ഷണവും മീൻ കറിയും ഒഴിവാക്കണം. റഷ്യയിലേയും ചൈനയിലേയും വിയറ്റ് നാമിലേയും കൊറിയയിലേയും മനുഷ്യരുടെ പരമ്പരാഗത ഭക്ഷണം അരിയും മീനും ചേർന്നതായിരുന്നു; ഇപ്പോൾ താത് കാലികമായെങ്കിലും അതിന് ഒരു മാറ്റം കണ്ടു വരുന്നുണ്ട്. മനുഷ്യരുടെ ഉച്ഛിഷ്ടം കഴിക്കുന്നവരായത് കൊണ്ട് നമ്മളും ഈ പ്രശ്നത്തെ സഗൌരവം വീക്ഷിക്കേണ്ടിയിരിക്കുന്നു. ഭാരതത്തിൽ ചോറും മീനും കൂടുതലായി കഴിച്ചിരുന്നവർ ബംഗാൾ, ത്രിപുര, കേരളം എന്നീ സംസ്ഥാനങ്ങളിലെ മനുഷ്യരായിരുന്നു. (നാഗാലാൻഡുകാർ നമ്മെ കൊന്ന് തിന്നാണ് വിശപ്പടക്കുന്നതെന്ന് കേട്ടിട്ടുണ്ട്). (ക്യൂബാ മുകുന്ദൻ സ്ഥലത്തല്ലാത്തതിനാൽ ക്യൂബയിലെ വിവരം ലഭ്യമല്ല). കർണ്ണാടകയിലും തമിഴ് നാട്ടിലും ചോറ് കഴിക്കുന്നവർ ധാരാളം ഉണ്ടെങ്കിലും ചോറും മീനുമെന്ന കോമ്പിനേഷൻ കുറവ് തന്നെ. അതേ സമയം ഭാരതത്തിലുടനീളം ചില പോക്കറ്റുകളിൽ ചോറും മീനും കോമ്പിനേഷനായി കഴിക്കുന്നവർ ജീവിക്കുന്നുണ്ടുതാനും; എന്തിന് ഡൽഹിയിൽ പോലുമുണ്ട്. ഇപ്പോൾ നമ്മുടെ മുന്നിലുള്ള ദാർശനിക പ്രശ്നം ചോറും മീനും സ്ഥിരം ഉച്ഛിഷ്ടമായി കഴിക്കേണ്ടി വരുന്ന നായകൾക്ക് പ്രായം കൂടുമ്പോഴുണ്ടാകുന്ന ബുദ്ധിമാന്ദ്യം എങ്ങനെ മറികടക്കണം എന്നതും