Posts

Showing posts from February, 2014

ഒരു നല്ല നായ എങ്ങനെയായിരിക്കണം - 3

വീട്ടിൽ വരുന്നവർക്ക് മുഖം കൊടുക്കാതെ ഏതെങ്കിലും മൂലയിൽ ചുരുണ്ടുകൂടി കിടന്ന്, വിരുന്ന് വന്നവർ തിരിച്ച് പോയ ശേഷം മാത്രം പുറത്ത് വന്ന് “അവരെന്നെ ബഹുമാനിച്ചില്ല, അവരെന്നെ ബഹുമാനിച്ചില്ല” എന്ന് ഓരിയിടുന്നത് ഒരിക്കലും ഒരു നല്ല നായക്ക് ചേരില്ല. വീട്ടിൽ വരുന്നവരെ മാന്യമായ് സ്വീകരിക്കാൻ നായകൾ വളരെ ശ്രദ്ധിക്കണം. ഇത് പഴയ കാലമല്ല, ചിലപ്പോൾ നമ്മുടെ ഷേപ്പ് തന്നെ മാറിപ്പോകാൻ സാദ്ധ്യതയുണ്ട്. എന്റെ വാൽ മുറിഞ്ഞത് കണ്ടില്ലേ. ആ കഥ ഞാൻ പിന്നൊരു ക്ലാസ്സിൽ പറയാം...

ഒരു നല്ല നായ എങ്ങനെയായിരിക്കണം - 2

സുഹൃത്തുക്കളുമായുള്ള ബന്ധം അതിന്റെ ഊഷ്മളതയോടെ നിലനിർത്തുകയും അതേ സമയം യജമാനനോടുള്ള കൂറ് സത്യസന്ധമായ് പാലിക്കുകയും ചെയ്യുക എന്നിടത്താണ് ഒരു നായയുടെ ആന്തരിക സംഘർഷം അതിന്റെ പാരമ്യത്തിൽ എത്തുന്നത്. ഈ സംഘർഷത്തിൽ നിന്ന് രക്ഷപ്പെടാൻ നായകൾക്ക് മുന്നിൽ ഒരു എളുപ്പ വഴിയുമില്ല. പരമാവധി ചെയ്യാൻ കഴിയുന്നത് യജമാനനുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ പൂർണ്ണമായ് നിർവ്വഹിച്ച ശേഷം സുഹൃത്തുക്കൾക്കായ് സമയം കണ്ടെത്തുക എന്നത് മാത്രമാണ്. ചിലപ്പോൾ സുഹൃത്തുക്കൾക്കായി രാത്രി വളരെ വൈകി മാത്രമേ സമയം കണ്ടെത്താൻ കഴിയുകയുള്ളൂ; എങ്കിലും മറ്റ് നായകളും ഇതേ പ്രശ്നം നേരിടുന്നത് കൊണ്ട് നമുക്ക് സുഹൃത് ബന്ധം നഷ്ടപ്പെടാതെ നിലനിർത്താൻ കഴിഞ്ഞേക്കും. ഏത് ഘട്ടത്തിലും ഒരു നായയുടെ പ്രാഥമിക ഉത്തരവാദിത്തം എച്ചിൽ തരുന്നവനോടാണെന്നുള്ളത് ഒരിക്കലും മറന്നു പോകരുത്. ആ പുമാന്റെ മുന്നിൽ ആട്ടാനാണ് നമുക്ക് ദൈവം വാൽ തന്നിട്ടുള്ളതെന്ന് ഒരിക്കലും മറന്നു പോകരുത്. അടുത്ത പാഠം അടുത്ത ക്ലാസ്സിൽ...

ഒരു നല്ല നായ എങ്ങനെയായിരിക്കണം - 1

നല്ല ഒരു നായയാണെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കണം എന്ന് സ്വപ്നം കണ്ടത് കൊണ്ട് മാത്രമായില്ല, അതിനായ് കുറച്ച് ഗൃഹപാഠം ചെയ്ത് പരിശീലിക്കേണ്ടാതായും കൂടിയുണ്ട്. ഒരു നല്ല നായ പ്രാഥമികമായ് ചെയ്യേണ്ട കാര്യം, മറക്കേണ്ടത് മറക്കുകയും ഓർക്കേണ്ടത് ഓർക്കുകയും ചെയ്യുക എന്നതാണ്. തന്റെ ദേഹത്ത് കൊണ്ട കല്ലിന്റെ മണം പിടിച്ച് അതെറിഞ്ഞവനെ തിരഞ്ഞ് പിടിച്ച് കടിക്കുകയല്ല, മറിച്ച്, തനിക്ക് ഏറ്റവും ആവശ്യമായ നേരത്ത് എച്ചിൽ വലിച്ചെറിഞ്ഞ് തന്നവനെ ഓർത്ത് വാലാട്ടുക എന്നതാണ് ഒരു നല്ല നായയുടെ കർത്തവ്യം. കല്ലെറിഞ്ഞവനും എച്ചിൽ തന്നവനും ഒരാൾ തന്നെയാകുന്ന ഘട്ടത്തിലാണ് ഒരു നായ കൂടുതൽ ധർമ്മ സങ്കടത്തിലാകുക; പക്ഷേ, അപ്പോൾ ഒന്നാം പാഠത്തിന്റെ പ്രായോഗികത ബോദ്ധ്യമാകും; അതായത് നല്ല നായകൾ, കല്ല് ഉപയോഗിച്ചവന്റെ മണമല്ല മറിച്ച് എച്ചിൽ തന്നവന്റെ മണമാണ് ഓർത്ത് വെക്കേണ്ടത് എന്ന പരമമായ സത്യത്തിന്റെ പ്രായോഗികത... അടുത്ത പാഠം അടുത്ത ക്ലാസ്സിൽ...