ജവഹർലാൽ നെഹ്രു



ശ്രീ. ജവഹർലാൽ നെഹ്രു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി. ഇന്ത്യ കണ്ട ഏറ്റവും ധിഷണാശാലിയായ പ്രധാനമന്ത്രി. ഇന്ത്യ ഇന്ന് ലോകരാഷ്ട്രങ്ങളുടെ മുന്നണിയിൽ എത്തിച്ചേരാൻ കാരണഭൂതനായ പ്രധാനമന്ത്രി. രാഷ്ട്രീയ തത്വചിന്തകൻ, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം അദ്ദേഹത്തോട് മാറ്റുരക്കാൻ അന്ന് ഒരേ ഒരാളേ ഇന്ത്യയിലുണ്ടായിരുന്നുള്ളൂ - ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനും പിന്നീട് അതേ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട (സ്റ്റാലിന്റെ നിർദ്ദേശത്താൽ) വ്യക്തിയുമായ ശ്രീ. എം. എൻ. റോയിയും.

അന്ന് ഇന്ത്യയുടെ അവസ്ഥയിലായിരുന്ന ചൈന ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ ശക്തിയായി ഉയർന്നു. ഡെങ് സിയാവോ പിങിന്റെ സമ്മിശ്ര സാമ്പത്തിക നയങ്ങളാണ് ചൈനയെ ഉയർത്തിയതെങ്കിൽ നെഹ്രുവിന് കീഴിൽ അതേ നയം വർഷങ്ങൾക്ക് മുമ്പ് സ്വീകരിച്ച ഇന്ത്യക്ക് അതിന് സാധിച്ചില്ല. അതിലുമുപരിയായി എത്തേണ്ടതായിരുന്നു ഇന്ത്യ; പക്ഷേ മതങ്ങളും മതസംഘർഷങ്ങളും ഇന്ത്യയെ പുറകോട്ടടിപ്പിച്ചു. ചൈന അദ്ധ്വാനിച്ച് പുരോഗതിയിലേക്ക് നീങ്ങിയപ്പോൾ, നമ്മൾ പള്ളിക്കും ക്ഷേത്രത്തിനും വേണ്ടി കലഹിച്ച് സമയം കളയുകയും ഗോമൂത്ര ഗവേഷണം നടത്തി പോരികയും ചെയ്തു. എങ്കിലും ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിൽ ഇന്ത്യ അടിപതറാതെ പിടിച്ച് നിന്നത് നെഹ്രു നടപ്പിൽ വരുത്തിയ സമ്മിശ്ര സാമ്പത്തിക നയങ്ങളുടെ ബലത്തിലായിരുന്നു. സമ്പൂർണ്ണ ഉദാരവൽകരണ നയങ്ങളിൽ നിന്നും ശ്രീ. മന്മോഹൻ സിങ് പിന്മാറിയത് ആ അനുഭവപാഠം കൊണ്ട് തന്നെ. മനുഷ്യഗോത്രത്തിന്റെ ചിന്തയുടെ ചരിത്രം ഇത്രമാത്രം പഠിച്ച മറ്റൊരു ചരിത്രകാരൻ, ചരിത്രകാരന്മാർക്കിടയിൽ പോലും കാണില്ല. നെഹ്രൂവും റോയിയും തമ്മിൽ നടന്ന സംവാദങ്ങൾ ഇന്നത്തെ ഒരു രാഷ്ട്രീയ നേതാവിനും ചിന്തിക്കാൻ പോലും കഴിയാത്തത്ര ഉയർന്ന തലത്തിലുള്ളതായിരുന്നു. നെഹ്രു കുർത്ത പലരും അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും നെഹ്രുവിന്റെ ധിഷണയുടെ സമീപത്ത് പോലും എത്താൻ അവർക്കാർക്കും കഴിഞ്ഞിട്ടില്ല.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അഭിമാനമായിരുന്നു നെഹ്രുവെങ്കിലും നെഹ്രുവിന് ശേഷം കോൺഗ്രസ്സിന് ആനയും ആനപിണ്ടവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാതെ പോയി. ആന പിണ്ടങ്ങൾ ആ പാർട്ടിയുടെ നാശത്തിന് കാരണമാകുകയും ചെയ്തു. നെഹ്രുവിന് ശേഷം, ആ കസേരയിൽ ഇരുന്ന് അധികാരം പ്രയോഗിച്ചതിലുപരി, ഇന്ത്യയിൽ അടിസ്ഥാനപരമായ മാറ്റം ഉണ്ടാക്കിയ കോൺഗ്രസ്സ് പ്രധാനമന്ത്രി മന്മോഹൻ സിങ്ങ് മാത്രമായിരുന്നു. ഒരു മാർക്സിസ്റ്റ് ചിന്തകൻ കൂടിയായ നെഹ്രുവിനെ ഇടതുപക്ഷം സമീപിച്ച രീതി അവരുടെ വരട്ടു തത്വവാദ സമീപനം നൂറ് ശതമാനം വെളിവാക്കുന്നതായിരുന്നു. ഡെങ് സിയാവോ പിങിന് ശേഷമായിരിക്കും നെഹ്രൂവിന്റെ കാഴ്ചപ്പാടിലെ ശരികൾ ഇടതുപക്ഷം തിരിച്ചറിഞ്ഞ് കാണുക.
വംശാധിപത്യത്തിലല്ലാതെ, ജനാധിപത്യത്തിലൂന്നി നിന്നു കൊണ്ട് നെഹ്രുവിന്റെ കാഴ്ചപ്പാട് കാലാനുസൃതമായി വികസിപ്പിച്ചാൽ കോൺഗ്രസ്സിന് ഇനിയും രാഷ്ട്രീയ ഭാവിയുണ്ട്; ആനപ്പിണ്ടങ്ങൾക്ക് പുറകെ പോകാതിരുന്നാൽ. 

Comments

Popular posts from this blog

മരണം

വെളിപാടുകൾ 1 - 7