മൂന്നാർ


മൂന്നാറിൽ ടാറ്റക്ക് കയ്യേറ്റ ഭൂമി ഉണ്ടോ? ബ്രിട്ടീഷുകാരുടെ കാലത്തെ രേഖകൾ പ്രകാരം ഇപ്പോഴത്തെ മൂന്നാർ ടൌണിലെ മുഴുവൻ ഭൂമിയും ‘ദ കണ്ണൻദേവൻ ഹിൽ പ്രൊഡ്യൂസ് കൊ. ലിമിറ്റഡ്‘ എന്ന പേരിൽ ലണ്ടനിൽ രജിസ്റ്റർ ചെയ്ത ഒരു ഇംഗ്ലീഷ് - സ്കോട്ടിഷ് സ്ഥപനത്തിന്റേതായിരുന്നു. വയനാട്ടിലേതാകട്ടെ ലണ്ടനിൽ തന്നെ രജിസ്റ്റർ ചെയ്ത ‘ദ ഇംഗ്ലീഷ് ആൻഡ് സ്കോട്ടിഷ് ജോയന്റ് കോ-ഓപറേറ്റീവ് ഹോൾസെയിൽ സൊസൈറ്റി’യുടേതും ആയിരുന്നു. ഇതു രണ്ടും തെക്കെ ഇന്ത്യയിലേക്ക് സ്വർണ്ണവേട്ടക്ക് വന്ന, ജോൺ പ്ലെയേഴ്സ് ഗോൾഡ് മൈൻ കമ്പനി, സ്വർണ്ണം കുറവാണെന്ന് കണ്ടപ്പോൾ പിന്നീട് രൂപം മാറിയതാണ്. ഇത് സംബന്ധിച്ച എന്റെ ഒരു ലേഖനം 1987 മാർച്ച് 29 ലെ മനോരമ സൺഡെ സപ്ലിമെന്റിൽ മറ്റൊരു വിഷയത്തിൽ (വയനാട്ടിലെ സ്വർണ്ണഖനികൾ) ഉണ്ട്.
1956 ൽ ഐക്യകേരളം ഉണ്ടായ ശേഷം കയ്യേറ്റക്കാരുടെ ഒരു പ്രവാഹമായിരുന്നു വയനാട്ടിലേക്കും ഇടുക്കിയിലേക്കും കാസർക്കോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ മലയോര മേഖലകളിലേക്കും. പിന്നീടവർ കുടിയേറ്റക്കാർ എന്ന് വിളിക്കപ്പെട്ടു എന്ന് മാത്രം.
ഇംഗ്ലീഷുകാർ ഉള്ളപ്പോഴേ, അവരുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഈ ഭൂമിയിൽ, എസ്റ്റേറ്റുകളിലെ ജോലിയിൽ നിന്ന് പിരിഞ്ഞവരും മറ്റും കയ്യേറ്റം തുടങ്ങിയിരുന്നു. ശ്രദ്ധിക്കേണ്ട കാര്യം, തൊഴിലാളികളെ പേടിച്ചാണോ, ഇംഗ്ലീഷുകാരെ പേടിച്ചാണോ എന്നറിയില്ല; വയനാട്ടിലായാലും ഇടുക്കിയിലായാലും ഇംഗ്ലീഷുകാരുടെ ചായത്തോട്ടങ്ങളിലേക്കും അതിനോട് ചേർന്ന ഭൂമികളിലേക്കും റബ്ബർ കുടിയേറ്റക്കാർ കയറിയിരുന്നില്ല എന്നതാണ്; അവിടെ 60 കൾ മുതൽ കയ്യേറിയത് കൂടുതലും, ഇടുക്കിയിലാണെങ്കിൽ തമിഴ് തൊഴിലാളികളും, വയനാട്ടിലാണെങ്കിൽ മലപ്പുറം തൊഴിലാളികളും, ആയിരുന്നു. ഒരു പക്ഷേ അത് തന്നെയാകാം ടീ പ്ലാന്റേഷനുകളിലെ ഭൂമി കയ്യേറ്റത്തെ കുറിച്ചുള്ള ഇപ്പോൾ വർദ്ധിതമായ് കാണുന്ന ഈ മാദ്ധ്യമ വ്യാകുലതകൾ. പിന്നീട് ഈ എസ്റ്റേറ്റുകൾ ടാറ്റ അടക്കമുള്ള ഇന്ത്യൻ കമ്പനികൾ വാങ്ങി. ഭൂപരിഷ്കരണം വന്നപ്പോൾ അത് 99 വർഷ പാട്ടമായി. സത്യത്തിൽ ആ പാട്ടഭൂമിയിൽ മറ്റുള്ളവർ കയ്യേറുകയാണ് ഉണ്ടായത്. വയനാട്ടിൽ പാട്ടഭൂമിയിൽ വൻ കയ്യേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. മൂന്നാർ ടൌൺ മുഴുവനും ടാറ്റയുടെ പാട്ടഭൂമിയാണ്. വയനാട്ടിലെ തലപ്പുഴ, മേപ്പാടി ടൌണുകളെ പോലെ തന്നെ മൂന്നാറിലും എല്ലാ സർക്കാർ ഓഫീസുകളും കച്ചവട സ്ഥാപനങ്ങളും തേയിലത്തോട്ടത്തിന്റെ കൈവശമുള്ള പാട്ടഭൂമിയിലാണ്. അന്നത്തെ ബ്രിട്ടീഷ് അളവ് രീതിയും (FPS) നമ്മുടെ ഇപ്പോഴത്തെ MKS രീതിയും തമ്മിൽ ബന്ധപ്പെടുത്തുമ്പോഴുണ്ടാകുന്ന വ്യത്യാസങ്ങളും ഭൂമിക്ക് കാലാനുസൃതമായുണ്ടാകുന്നതും ഉണ്ടാക്കപ്പെടുന്നതുമായ മാറ്റങ്ങളും അളവുകളിൽ പ്രതിഫലിക്കും എന്ന് മാത്രം. ആ ഭൂമി ടാറ്റയുടെ കയ്യിൽ തന്നെ ഇരിക്കുന്നതാണ് നല്ലത്, കാരണം ആത്യന്തികമായി ടാറ്റ ഒരു പാട്ടക്കാരൻ മാത്രമാണ്, സർക്കാർ ആണ് ഉടമ, യഥാർത്ഥ അവകാശികൾ തോട്ടം തൊഴിലാളികളും; അവരുടെ അദ്ധ്വാനമാണ് ആ ഭൂമി.
തേയില തോട്ടം വിട്ടുള്ള കുടിയേറ്റക്കാർ, കാട് മുഴുവനും വെട്ടി റബ്ബർ വെച്ചു, വയൽ മുഴുവൻ നികത്തി പുരയിടവും രബ്ബർ എസ്റ്റേറ്റുമാക്കി. വയലുകളിൽ വെള്ളം കെട്ടി നിൽക്കാതായതോടെ ഭൂഗർഭജലവും ഇല്ലാതായി. ഇടുക്കിയിൽ മാത്രം ഡാം ഉള്ളത് കൊണ്ട് ഭൂഗർഭ ജലം കുറഞ്ഞില്ല. മൃഗങ്ങൾ വരുന്നു എന്ന് പറഞ്ഞ് കാട് മുഴുവൻ അവർ തീയിട്ട് നശിപ്പിച്ചു. കാടും വെള്ളവും ഇല്ലാതായപ്പോൾ തണുപ്പും മഴയുമില്ലാതായി. വനഭൂമിയുടെ ജന്മിമാരായിരുന്ന ആദിവാസികൾ കാടിറങ്ങി കടത്തിണ്ണകളിൽ തല ചായ്ക്കുന്നു.
വയനാടിനേയും ഇടുക്കിയേയും ചുരം കയറിയവർ കൊന്ന് തിന്നു...

Comments

Popular posts from this blog

മരണം

വെളിപാടുകൾ 1 - 7

ജവഹർലാൽ നെഹ്രു