താളം പിഴച്ച പരിസ്ഥിതിവാദികൾ



കേരളത്തിലെ കപട പരിസ്ഥിതിവാദികൾ കയ്യേറ്റ കൃഷിക്കാരുടെ എജന്റുമാരാണെന്ന് തെളിയിച്ചു കൊണ്ടേയിരിക്കുകയാണ്. ഈയിടെ വയനാട് ജില്ലയിൽ ഒരു ഹർത്താൽ നടന്നു. വയനാട്ടിലൂടെ നഞ്ചൻ ഗുഡിലേക്ക് റെയിൽ പാത വരാത്തത് കൊണ്ട്. ബന്ദിപ്പൂർ ടൈഗർ റിസർവ്വിലൂടെയാണ് ഈ പാത കടന്ന് പോകേണ്ടത്. ഈ പാതക്കെതിരെ നമ്മുടെ കയ്യേറ്റ കൃഷിക്കാരാൽ സ്പോൺസർ ചെയ്യപ്പെടുന്ന പരിസ്ഥിതിക്കാരോ പത്രങ്ങളോ ഒന്നും പറഞ്ഞില്ല. കാരണം ഈ റെയിൽ പാത അവരുടെ വ്യാപാര താല്പര്യങ്ങൾക്ക് അനുഗുണമായ് വേണ്ടതാണ്.

റെയിൽവേ ലൈനിനെതിരെ മിണ്ടാത്ത, കയ്യേറ്റ കൃഷിക്കാരാൽ സ്പോൺസർ ചെയ്യപ്പെടുന്ന പരിസ്ഥിതി വാദികൾ, പക്ഷേ, ജലസംഭരണി എന്ന് കേട്ടാൽ ഹാലിളകുന്നവരാണ്. കാരണം ജലസംഭരണികൾ വന്നാൽ അവരുടെ സ്പോൺസർമാരുടെ റബ്ബർ, കാപ്പി എസ്റ്റേറ്റുകൾ മുങ്ങി പോകുകയോ, മുങ്ങിയേക്കാവുന്ന കാടിന് പകരം വനമായി മാറ്റുകയോ ചെയ്തേക്കാം. ഉടനെ അവർ പാട്ടും പാടി ഇറങ്ങും, തോളിൽ തുണി സഞ്ചിയുമായ്.

വയലുകളും കുളങ്ങളും ഇല്ലാതായ നാട്ടിൽ ജലസംഭരണികൾ ഉണ്ടാക്കി കൊണ്ട് മാത്രമേ കാടുകൾ പുനർ നിർമ്മിക്കാനാകൂ. കേരളത്തിലെ പശ്ചിമഘട്ടനിരകളിൽ എവിടെയെങ്കിലും പച്ചപ്പ് അവശേഷിച്ചിട്ടുണ്ടെങ്കിൽ അതെല്ലാം ജലസംഭരണിയുണ്ടാക്കി വെള്ളത്തെ സംരക്ഷിച്ച് നിർത്തിയ പ്രദേശങ്ങളിലാണ്; കാട്ടുതീ വരാത്തതും അഥവാ വന്നാൽ അണക്കാൻ കഴിയുന്നതും വെള്ളം ഉള്ള പ്രദേശങ്ങളിൽ മാത്രമാണ്.

കേരളഭൂമിയുടെ കുത്തനെ ചരിഞ്ഞുള്ള കിടപ്പ് കാരണം പശ്ചിമഘട്ട മേഖലയിൽ വീഴുന്ന മഴ മണിക്കൂറുകൾ കൊണ്ട് അറബിക്കടലിൽ എത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ നഷ്ടപ്പെടുന്ന ജീവജലത്തെയാണ് നാം കാടിനും കാട്ടു മൃഗങ്ങൾക്കും ഉപകരിക്കും വിധം ജല സംഭരണിയിൽ ശേഖരിക്കുന്നത്.

ജലസംഭരണി കെട്ടിയാൽ കാട് വെള്ളത്തിലാകും എന്നതാണ് ഒരു വാദം. സത്യത്തിൽ ഈ വാദം ഉയർത്തുന്നത് വനം കയ്യേറി റബ്ബറും കാപ്പിയും എസ്റ്റേറ്റുകൾ സ്ഥാപിച്ചവർക്ക് വേണ്ടിയാണ്. ഓരോ ജലസംഭരണിക്കുമായ് നഷ്ടപ്പെടുന്ന വനത്തിന് തുല്യമായതോ അതിൽ കൂടുതല്ലോ സ്ഥലം വനത്തോട് ചേർന്നുള്ള കൈയ്യേറ്റഭൂമിയിൽ നിന്ന് കണ്ടെത്തുമ്പോൾ എസ്റ്റേറ്റ് ഉടമകൾക്ക് കുറച്ച് നഷ്ടം സംഭവിക്കും. കുറച്ച് എസ്റ്റേറ്റുകൾക്ക് നഷ്ടം വരും, എന്നതല്ലാതെ കാട് നഷ്ടപ്പെടുന്നു എന്ന വാദത്തിന് പ്രസക്തിയേ ഇല്ല.

അടുത്തത്, ആവാസ വ്യവസ്ഥ തകരുമെന്ന വാദം. വെള്ളം കിട്ടിയത് കാരണം ഒരു ജീവി വർഗ്ഗത്തിന്റേയും ആവാസ വ്യവസ്ഥ തകരാറിലാവില്ല. ജലസംഭരണി രൂപം കൊള്ളുന്നതിന് മുമ്പ് അതിന് വേണ്ടി നഷ്ടപ്പെടുന്നത്രയുമോ അതിൽ കൂടുതലോ സ്ഥലം കാടിനോട് ചേർന്ന് തന്നെ മാറ്റി വെക്കണമെന്ന് മാത്രം. ജലം കിട്ടുന്നതോടെ കാട് പോഷിപ്പിക്കപ്പെടും, തുടർന്ന് വന്യജീവികളുടെ ആവാസവ്യവസ്ഥ ശക്തമാകും. തിരിച്ചല്ല സംഭവിക്കുക. സംഭരിക്കപ്പെടുന്ന ജലം ഭൂഗർഭ ജലത്തിന്റെ വർദ്ധനക്കും കാരണമാകും. പറയത്തക്ക ജലസംഭരണികൾ ഇല്ലാത്ത വയനാട്ടിലെ ഭൂഗർഭ ജലം ഭീകരമാം വിധം കുറഞ്ഞിരിക്കുകയാണ്; അതേസമയം ധാരാളം ജലസംഭരണികളുള്ള ഇടുക്കിയിൽ ഭൂഗർഭ ജലം ഉയരുകയും ചെയ്തിരിക്കുന്നു. വയനാട് വേനലിൽ ഉണങ്ങി വരളാറുണ്ടെങ്കിലും ഇടുക്കിയിൽ വേനലിലും പച്ചപ്പ് കാണാൻ കഴിയുന്നുണ്ട്.

അടുത്ത വാദമാണ് രസകരം. ആദിവാസികൾക്ക് വേണ്ടി കയ്യേറ്റക്കാർ വാദിക്കുന്നത്. ആദിവാസികളെ എസ്റ്റേറ്റ് മുതലാളിമാർക്ക് ചൂഷണം ചെയ്യാൻ വേണ്ടി എന്നും കാട്ടുമനുഷ്യരായ് നിലനിർത്തണോ എന്നതാണ് നമ്മുടെ ചോദ്യം. ആദിവാസികൾക്ക് വേണ്ടി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കോടിക്കണക്കിന് രൂപ ചിലവഴിക്കുമ്പോഴും യഥാർത്ഥത്തിൽ ഒന്നും അവർക്ക് കിട്ടുന്നില്ല. ആദിവാസികളെ തൊട്ടടുത്ത ചെറു നഗരങ്ങളിലേക്ക് പുനരധിവസിപ്പിച്ച് അവർക്കായ് ഫ്ലാറ്റുകളും സ്കൂളും ആശുപത്രിയും ട്രൈബൽ ഓഫീസും മറ്റ് ഓഫീസുകളും സ്ഥാപിക്കണം. വൈദ്യുതി, ഇന്റർനെറ്റ് തുടങ്ങിയ സൌകര്യങ്ങളും അവർക്ക് ഏർപ്പെടുത്തണം. നമ്മളും ഒരു കാലത്ത് കാട്ടുമനുഷ്യരായിരുന്നു എന്ന് മനസ്സിലാക്കി അവരേയും നമ്മളെ പോലെ ആക്കി മാറ്റണം. തുണിസഞ്ചിയുമായി നടക്കുന്നവർക്ക് സാമൂഹ്യസേവന പരിശീലനം നടത്താനുള്ള ഗിനി പന്നികളല്ല ആദിവാസികൾ. ആദിവാസികളുടെ സ്വത്വം നിലനിർത്തണമെന്ന് ആദിവാസി സംരക്ഷകരായ് ഭാവിക്കുന്നവർ വാദിക്കുന്നത് അവരുടെ സങ്കുചിത താല്പര്യങ്ങൾക്കാണ്. ഇനി ഏതെങ്കിലും ആദിവാസി കാട്ട് മനുഷ്യനായേ ജീവിക്കൂ എന്ന് പറയുകയാണെങ്കിൽ അവരെ കാട്ടിലേക്ക് വിടണം; പക്ഷേ കാട്ടിലേക്ക് റോഡും വൈദ്യുതിയും ആശുപത്രിയും ആംബുലൻസും സ്കൂളും വേണമെന്ന് ആവശ്യപ്പെടരുത്. കയ്യേറ്റക്കാരുടെ ചാനലുകളിൽ എന്നും കേൾക്കുന്ന വാർത്തയാണ് കാട്ടിലേക്ക് റോഡില്ല, വൈദ്യുതിയില്ല, ആശുപത്രിയില്ല, ആംബുലൻസില്ല എന്നൊക്കെ. ആദിവാസിയുടെ പേര് പറഞ്ഞാണ് ഇവർ കാടൊക്കെ വെളുപ്പിച്ചത്. ആദിവാസിക്ക് റോഡില്ല എന്ന് പറയുന്നത് കയ്യേറ്റക്കാരുടെ സൌകര്യത്തിനാണ്. കാട്ടുതീ ഉണ്ടാക്കുന്നതിൽ പ്രധാന പങ്ക് കൈയ്യേറ്റക്കാർക്കും മറ്റൊരു പങ്ക് ആദിവാസികൾക്കുമാണ്. ആദിവാസികളെ തൊട്ടടുത്ത ചെറുനഗരങ്ങളിൽ എല്ലാ സൌകര്യങ്ങളോടും കൂടി പുനരധിവസിപ്പിക്കുകയും കാട് മൃഗങ്ങൾക്ക് വിട്ട് കൊടുക്കുകയും വേണം.

പശ്ചിമ ഘട്ടത്തിൽ ജലസംഭരണികൾ വന്നാൽ താഴ് വാരങ്ങളിൽ പുഴ വരളും എന്ന വാദവും നില നില്പില്ലാത്തതാണ്. വയലുകളും കുളങ്ങളും ഇല്ലാതായതിനാൽ കടലിലേക്ക് മണിക്കൂറുകൾക്കകം ഒഴുകി പോകുന്ന മഴവെള്ളമാണ് നമ്മൾ ജലസംഭരണിയിൽ ശേഖരിക്കുന്നത്. വരൾച്ച രൂക്ഷമാകുമ്പോൾ സംഭരണി തുറന്ന് താഴ് വാരങ്ങളിൽ കുടിവെള്ളം എത്തിക്കാനുമാകും. സംഭരണിയിൽ അടിസ്ഥാന സംഭരണം നടക്കുന്ന ആദ്യവർഷത്തെ കുറച്ച് ദിവസങ്ങളിൽ മാത്രമേ പുഴയിൽ വെള്ളം കുറയുകയുള്ളൂ. പിന്നീട് ജലസംഭരണികൾ കാരണം ഭൂഗർഭ്ഭ ജലം വർദ്ധിക്കുന്നതിനാൽ പ്രാദേശിക നീരൊഴുക്കും നീരുറവും കൂടുകയാണ് ചെയ്യുക. സ്വാഭാവികമായും മഴയുടെ തോതനുസരിച്ച് മുൻപ് ഉണ്ടായിരുന്ന ജലപ്രവാഹം നിലനിൽക്കുകയോ കൂടുകയോ കുറയുകയോ ചെയ്യും. മഴ കുറയുകയും ജലത്തിന്റെ ആവശ്യം കൂടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ പരമാവധി ജലം ഭൂമിയിൽ സംഭരിച്ച് നിർത്തുകയാണ് വേണ്ടത്. സംഭരണികളിലെ ജലോപരിതലത്തിൽ സൌരോർജ്ജ സംഭരണ സെല്ലുകൾ സ്ഥാപിച്ച് വൈദ്യുതിയും ഉണ്ടാക്കാം.

ഇപ്പോൾ ജലമില്ലാത്ത പശ്ചിമഘട്ട മേഖലയിൽ വനം കൈയ്യേറ്റവും കാട്ടുതീയും കാരണം തണുപ്പ് നഷ്ടപ്പെട്ടത് കൊണ്ട് മഴമേഘങ്ങൾ സാന്ദ്രീകരിക്കപ്പെടുന്നില്ല, അതിനാൽ തന്നെ മഴ പെയ്യുന്നുമില്ല. നമുക്ക് അല്പമെങ്കിലും സ്നേഹം പ്രകൃതിയോടുണ്ടെങ്കിൽ കുറച്ചായെങ്കിലും കിട്ടുന്ന മഴവെള്ളം സംഭരിക്കുകയും, അതുപയോഗിച്ച് കാട് നഷ്ടപ്പെട്ട പ്രദേശങ്ങളിൽ കാട് പുനർനിർമ്മിക്കുകയും, അതിലൂടെ തണുപ്പും മഴയും വീണ്ടെടുക്കുകയും വേണം. പരിസ്ഥിതി പ്രവർത്തകർ വനം കൈയ്യേറ്റക്കാർക്ക് വേണ്ടി സംസാരിക്കരുത്. ജലസംഭരണികളുള്ള ഇടുക്കിയിലെ താപനില തണുപ്പ് കാലത്ത് മൈനസിലേക്ക് വരെ എത്തുമ്പോൾ കാടുകൾ കരിഞ്ഞ വയനാട്ടിൽ 16 ഡിഗ്രിക്കപ്പുറം പോകുന്നില്ല എന്നതും കാണണം. ഫലമോ വയനാട്ടിൽ തീരെ മഴ ലഭിക്കുന്നില്ല; കാട്ടുമൃഗങ്ങൾ വെള്ളം കിട്ടാതെ ചാകുന്നു; അവ നാട്ടിലേക്കിറങ്ങുന്നു.

ജലസംഭരണി കെട്ടുന്ന സമയത്തും ശേഷവും സൈറ്റിൽ റോഡോ ഓഫീസോ മറ്റ് താമസ സൌകര്യങ്ങളോ ഉണ്ടാക്കരുത്. തൊട്ടടുത്ത നഗരത്തിൽ മതി അവയെല്ലാം. ആ നഗരത്തിൽ നിന്ന് താൽക്കാലിക റെയിൽ സ്ഥാപിച്ചായിരിക്കണം സാമഗ്രികൾ ജലസംഭരണ നിർമ്മാണ സൈറ്റിൽ എത്തിക്കേണ്ടത്. കാട്ടിൽ തോട്ടങ്ങളും വേണ്ട; ടൂറിസവും വേണ്ട; മനുഷ്യരും വേണ്ട. കാടിനും വന്യജീവികൾക്കും മൊത്തം പ്രകൃതിക്കുമായിരിക്കണം പ്രാധാന്യം കൊടുക്കേണ്ടത്.

ജലസംഭരണികൾക്ക് പുറമെ ഏറ്റവും ചുരുങ്ങിയത് 250 മീറ്റർ വീതിയെങ്കിലും ഉള്ള വനപ്പാതകൾ നിർമ്മിച്ച് ഗുജറാത്ത് മുതൽ കന്യാകുമാരി വരെ നീളുന്ന പശ്ചിമഘട്ട വനമേഖല ഒന്നാകെ ബന്ധിപ്പിക്കണം. വനമേഖലയിലെ ചെറു റോഡുകൾ വനത്തിന് സമീപം വെച്ച് അടക്കണം. വനം മുറിച്ച് പോകുന്ന നിലവിലുള്ള വലിയ ഹൈവേകളിലും റെയിൽ പാതകളിലും വാഹനങ്ങൾക്കായ് ഫ്ലൈ ഓവറുകളോ മൃഗങ്ങൾക്കായ് അണ്ടർ പാസ്സേജുകളോ നിർമ്മിച്ച് മൃഗങ്ങളുടെ പശ്ചിമഘട്ട വന മേഖലയിലൂടെ ഉള്ള സ്വൈര സഞ്ചാരം ഉറപ്പ് വരുത്തണം. പുതുതായ് റോഡുകളും റെയിലുകളും പശ്ചിമഘട്ടത്തിൽ ഉണ്ടാക്കരുത്. പശ്ചിമ ഘട്ടത്തിലുടനീളം ജല സംഭരണികൾ ഉണ്ടാക്കി കാടുകൾ പുനർ നിർമ്മിക്കണം. വെള്ളം സംഭരിക്കരുത്, കടലിലേക്ക് ഒഴുകി പോകണം എന്ന് വാദിക്കുന്നവർ പരിസ്ഥിതിവാദികളല്ല, പരിസ്ഥിതിദ്രോഹികളാണ്.

പത്തമ്പത് വർഷങ്ങൾക്ക് മേലെയായി കേരളത്തിൽ നിറഞ്ഞ് നിൽക്കുന്ന ചില ശാസ്ത്രജ്ഞന്മാർ ഇപ്പോൾ മഴവെള്ളം സംഭരിക്കാൻ മഴക്കുഴികളുമായി ഇറങ്ങിയിട്ടുണ്ട്. അവനവന്റെ മുറ്റത്തും പറമ്പത്തും എല്ലാം മഴക്കുഴികൾ നിറഞ്ഞിരിക്കുകയാണ്. പക്ഷേ കൊതുകും അതു വഴി പനിയും നിറയുക എന്നത് മാത്രമാകും അതിന്റെ ഫലം. ശരിക്ക് വേണ്ടത് വീടുകളിൽ നിന്നും പറമ്പുകളിൽ നിന്നും വെള്ളം വാർന്ന് പോകുകയും എന്നിട്ടത് കേന്ദ്രീകൃതമായി സംഭരിക്കപ്പെടുകയുമാണ്. കുളങ്ങളും വയലുകളും ജലസംഭരണികളും ഇല്ലാത്ത ഇടങ്ങളിൽ മഴക്കുഴികളും കിണർ റീ ചാർജ്ജിംഗും നല്ലത് തന്നെ. ജലം കേന്ദ്രീകൃതമായ് സംഭരിക്കപ്പെടുമ്പോൾ അവിടെ മത്സ്യം, തവള, കുളക്കോഴികൾ, മറ്റ് പക്ഷികൾ എല്ലാം നിറഞ്ഞ് പ്രകൃതി സജീവമാകും. കാടും വളരും..

ഒരു കാരണവശാലും പശ്ചിമ ഘട്ട കാടുകളിലൂടെ തുരങ്കം തീർത്തും കാട് വെട്ടിയും റെയിൽപ്പാതകളും റോഡുകളും നിർമ്മിക്കരുത്. കള്ള പരിസ്ഥിതിക്കാരെ ജനം തിരിച്ചറിയണം.

ചിത്രം - കോയമ്പത്തൂരിന് കുടിവെള്ളം കൊടുക്കുന്ന ശിരുവാണി ജല സംഭരണി. മാർച്ചിലെ കൊടും വേനലിലും കാടിന്റെ പച്ചപ്പ് നോക്കൂ, സൈലന്റ് വാലിയും വയനാടും അതിരപ്പിള്ളിയുമെല്ലാം ഉണങ്ങി കാട്ടുതീ പടർന്നു പിടിക്കുമ്പോഴാണ് ഇത്. 

Comments

Popular posts from this blog

മരണം

വെളിപാടുകൾ 1 - 7

ജവഹർലാൽ നെഹ്രു